പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പല്ലുകേടാവും തടികേടാവും എന്നൊക്കെ പറഞ്ഞ് ചോക്ലേറ്റിനെ അകറ്റി നിർത്തുമ്പോൾ ഒന്നറിഞ്ഞോളൂ അധികമായാലാണ് അമൃത് വിഷമാകുന്നത്. മിതമായി ഉപയോഗിച്ചാൽ ചോക്ലേറ്റും ഒരു മരുന്നാണ്.
ചോക്ലേറ്റ് ഉപഭോഗം ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം. പഞ്ചസാരയോ മറ്റു പദാർത്ഥങ്ങളോ ചേർക്കാത്ത ഡാർക്ക് ചോക്ലേറ്റ് ഹൃദയഭിത്തികൾക്ക് ഏറെ നല്ലതാണ്.
ഡാർക്ക് ചോക്ലേറ്റിൽ മികച്ച അളവിൽ ഫ്‌ലവനോളുകൾ അടങ്ങിയിട്ടുണ്ട്. ഫ്‌ലവനോൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ രോഗത്തിന് കാരണമാകുകയും വാർധക്യ ലക്ഷണങ്ങൾ വേഗത്തിലാക്കുകയും കാൻസറിന് കാരണമാകുകയും ചെയ്യും.
ചോക്ലേറ്റിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കലോറി എരിച്ച് കളയുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
ഡാർക്ക് ചോക്ലേറ്റിന് സമ്മർദ്ദം കുറയ്ക്കാനുളള കഴിവുണ്ട്. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ചോക്ലേറ്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൊക്കോയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ സമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠന റിപ്പോർട്ടുകളുണ്ട്. ഡാർക്ക് ചോക്ലേറ്റിലും മിൽക്ക് ചോക്ലേറ്റിലും അത്തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്.
ചോക്ലേറ്റുകളിൽ ആനന്ദമൈഡ് അടങ്ങിയിട്ടുണ്ടത്രേ. ”ആനന്ദ” എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഈ പേര് വന്നത്. സ്‌നേഹ വികാരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്ന ഫെനൈത്തിലൈലാമൈൻ എന്ന രാസ സംയുക്തവും ചോക്ലേറ്റുകളിൽ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്സിഡന്റ് തന്മാത്രകളായ ഫ്‌ളവനോളുകൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഫ്‌ലേവനോളുകൾ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുകയും ഓർമ്മ, പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.
Discussion about this post