തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇത് നവംബർ 16 ഓടെ തീവ്ര ന്യൂനമർദ്ദമായി മാറും.
ഇതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നാണ് പ്രവചനം. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റ്റെ ഫലമായി കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത ദിവസങ്ങളിലും മിതമായതോ ഇടത്തരം മഴയോ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Discussion about this post