കണ്ണൂർ: പൊതുമുതൽ പാർട്ടി പ്രചരണത്തിന് ഉപയോഗിച്ചതായി പരാതി. കണ്ണൂരിലെ സർക്കാർ സ്‌കൂളിന്റെ ചുറ്റുമതിലിൽ സിപിഎം അനുകൂല ചിത്രങ്ങൾ വരച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പുന്നപ്ര വയലാർ സ്മാരകം, പിണറായി വിജയന്റെ ചിത്രം ഉൾപ്പെടെ വരച്ച് പൊതുമുതൽ സിപിഎം പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് പരാതി.
പ്രതിഷേധവുമായി കെഎസ്.യു എത്തിയതോടെ ചിത്രങ്ങൾ മായ്ച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ ചാല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ ചുറ്റുമതിലിലെ ചിത്രങ്ങൾക്കെതിരെയാണ് കെ എസ് യു പ്രതിഷേധിച്ചത്.
സ്‌കൂളിൽ നവീകരിച്ച ആംഫി തിയറ്ററിൻറെ ഉദ്ഘാടനം ചൊവ്വാഴ്ചയാണ്. അതിൻറെ ഭാഗമായാണ് മതിലിൽ ചിത്രങ്ങൾ വരച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ ചിത്രങ്ങൾ വരച്ചത് സ്‌കൂളല്ലെന്ന് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. ധർമടം മണ്ഡലം സൗന്ദര്യവത്കരണത്തിൻറെ ഭാഗമായി കരാറെടുത്തവരാണ് ചിത്രങ്ങൾക്ക് പിന്നിലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
Discussion about this post