തൃശൂർ: അഞ്ച് വർഷത്തേക്ക് ബിജെപിക്ക് ഒരു അവസരം നൽകാൻ കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപി. തൃശൂരിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന എസ്ജി കോഫി ടൈം പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടുവിലാൽ പരിസരത്ത് നഗരത്തിലെ ഓട്ടോറിക്ഷാ സഹോദരങ്ങൾക്കൊപ്പമായിരുന്നു എസ്ജി കോഫി ടൈംസ്.
അഞ്ച് വർഷത്തേക്ക് ഞങ്ങൾക്ക് ഒരു അവസരം തരൂ. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ. പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ. ഇതിനപ്പുറം എന്താണ് പറയേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്ത് പശ്ചാത്തലത്തിലാണ് ഇത് പറയുന്നതെന്ന് ചോദിച്ചാൽ അഞ്ച് വർഷത്തേക്ക് തരൂ എന്ന് പറഞ്ഞ് വിപ്ലവാത്മകമായ വിജയം വരിച്ച ഒരു മനുഷ്യൻ കരുത്ത് തെളിയിച്ച് വീണ്ടും അഞ്ച് വർഷം കൊടുത്തു. ഇനിയും എത്ര വർഷം കൊടുക്കുമെന്ന് കണ്ടോളൂ. ആ നട്ടെല്ലിന്റെ വിശ്വാസം വെച്ചാണ് പറയുന്നത്. ഉറപ്പായും കേന്ദ്ര ഭരണം കൈയ്യിലിരിക്കുമ്പോൾ തന്നെ നിങ്ങൾ കേരളം തരൂ, തൃശൂരും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളോടൊപ്പം നിങ്ങളുടെ നാട്ടിൽ ഞാനും ഒരു കാപ്പി കുടിക്കാൻ എത്തുന്നുവെന്ന മുഖവരയുടെയാണ് നാടിന്റെ വികസനകാര്യങ്ങൾ ജനങ്ങളുമായി സംവദിക്കാൻ എസ്ജി കോഫി ടൈംസ് സംവാദപരിപാടി സുരേഷ് ഗോപി സംഘടിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൊറ്റായി, ചിറക്കാക്കോട്, നാട്ടിക, ഒല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പരിപാടി നടക്കും.
രാഷ്ട്രീയേതര പരിപാടിയായിട്ടാണ് ഇങ്ങനെ ഒരു ബ്രാൻഡ് ഡെവലപ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തി എന്ന നിലയിൽ ആളുകളുമായി സംവദിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെകെ അനീഷ് കുമാർ ഉൾപ്പെടെയുളളവർ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
Discussion about this post