എറണാകുളം : കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സാലിയും മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ കൊരട്ടി പെരുമ്പിയിലെ യഹോവയ സാക്ഷികളുടെ സെമിത്തേരിയില്‍ വച്ച് ഇന്ന് സാലിയുടെ സംസ്‌കാരം നടന്നു. ഇന്ന് രാവിലെ 9 മുതല്‍ വരെ 12 മണി വരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ മാര്‍ത്തോമ പാരിഷ് ഹാളില്‍ സാലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കരിച്ചത്.
മകള്‍ ലിബിനയുടെ വിയോഗ വാര്‍ത്ത അറിയാതെയാണ് അമ്മ സാലിയുടേയും മടക്കം. അതേസമയം കൊച്ചിയില്‍ ആശുപത്രിയില്‍ ഇവരുടെ രണ്ട് ആണ്‍ മക്കള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇവരും അമ്മയുടേയും സഹോദരിയുടേയും മരണ വാര്‍ത്തയറിഞ്ഞിട്ടില്ല. അതേ സമയം, നിമിഷ നേരം കൊണ്ട് കുടുംബം തകര്‍ന്ന വേദനയില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സാലിയുടെ ഭര്‍ത്താവ് പ്രദീപന്‍.
ലിബിനയാണ് ആദ്യം മരണപ്പെട്ടത്. എന്നാല്‍ സാലിയും സഹോദരങ്ങളും ചികിത്സയിലായതിനാല്‍ ലിബിനയുടെ മൃതദേഹം സംസ്‌കാരിക്കാതെ ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ പിന്നീട് സംസ്‌കരിക്കുകയായിരുന്നു.
പാചകതൊഴിലാളിയായ സാലിയുടെ ഭര്‍ത്താവ് പ്രദീപന്‍ അന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. ജോലി സ്ഥലത്ത് നിന്നാണ് കുടുംബത്തിനേറ്റ അപകടം പ്രദീപന്‍ അറിയുന്നത്. അന്ന് മുതല്‍ രാപകലില്ലാതെ ആശുപത്രി വരാന്തകളില്‍ ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹം. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബം ഈ വേദനയില്‍ നിന്ന് എങ്ങനെ കരകയറും എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും. അമ്മ സാലിയേയും സഹോദരി ലിബിനലേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇവരുടെ രണ്ട് ആണ്‍മക്കള്‍ക്കും പൊള്ളലേറ്റത്.
അതേസമയം സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമുള്‍പ്പെടെ തെളിവെടുപ്പ് നടത്തി. സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തികരിച്ചത്.
Discussion about this post