മാനന്തവാടി; പുൽപ്പളളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ മുൻ പ്രസിഡന്റിന്റെ ഉൾപ്പെടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ അബ്രഹാമിന്റെ ഉൾപ്പെടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കേസിൽ ഒന്നാം പ്രതിയാണ് അബ്രഹാം. ഇയാളെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് അബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പത്ത് പ്രതികളാണ് കേസിൽ ഉളളത്. കോൺഗ്രസ് ഭരണസമിതി ആയിരുന്നു ബാങ്ക് ഭരിച്ചിരുന്നത്.
അബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറിയുടെയും ബോർഡ് അംഗങ്ങളുടെയും സജീവൻ കെടി എന്ന സ്വകാര്യ വ്യക്തിയുടെയും സ്വത്തുക്കളും കണ്ടുകെട്ടിയതായി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഇഡി അറിയിച്ചു. 2002 ലെ കളളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് നടപടി. പത്താം തീയതിയാണ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതെന്നും ഇഡി വ്യക്തമാക്കി.
ബാങ്കിന്റെ വായ്പാതട്ടിപ്പിന് ഇരയായി കർഷകനായ കേളക്കവല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. സ്ഥലം ബാങ്കിൽ പണയം വെച്ച് 70,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരിൽ പ്രതികൾ കൂടുതൽ തുക വായ്പയെടുക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ അന്വേഷണം തുടങ്ങിയത്. ജൂൺ ആദ്യവാരം ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി പരിശോധനയും നടത്തി. സഹകരണ വകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.
Discussion about this post