ന്യൂഡൽഹി: ഉയർന്ന മേഖലകളിലും മഞ്ഞ് മൂടിയ പ്രദേശങ്ങളിലും ശത്രുവിന്റെ കണ്ണ് വെട്ടിച്ച് മുന്നേറാൻ ടാങ്കുകളെയും സൈനിക വാഹനങ്ങളെയും സഹായിക്കുന്ന മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകൾ വാങ്ങാനുള്ള സൈന്യത്തിന്റെ നിർദേശം അംഗീകരിച്ച് പ്രതിരോധ മന്ത്രാലയം. ദുർഘടമായ മേഖലകളിലെ ഭൂമിയുടെ വർണ സവിശേഷതകളുമായി ഇഴുകി ചേരുന്ന തരത്തിലുള്ള പോളിമർ കോട്ടിംഗോട് കൂടിയ തുണികൾ കൊണ്ട് നിർമ്മിക്കുന്ന 6,175 മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകളാണ് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് വേണ്ടി വാങ്ങുന്നത്.
കരസേനക്കും വ്യോമസേനക്കും വേണ്ടിയാണ് ആദ്യഘട്ടത്തിൽ കാമോഫ്ലാഷ് വലകൾ വാങ്ങുന്നത്. തദ്ദേശീയ നിർമ്മിതമായ മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകളാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
പ്രധാനമായും അതിർത്തിയിലെ ഉയരം കൂടിയ മേഖലകളിലാണ് ഇത്തരം വലകൾ ഉപകരിക്കുക. ശത്രു സൈന്യത്തിന്റെ വൈദ്യുതകാന്തിക സെൻസറുകളുടെ കണ്ണ് വെട്ടിക്കാൻ ഇവയ്ക്ക് സാധിക്കും. പകൽ സമയങ്ങളിൽ 750 മീറ്ററും രാത്രി സമയങ്ങളിൽ 100 മീറ്ററുമാണ് ഇവയുടെ സംരക്ഷണ പരിധി. മൈനസ് 30 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലകളിൽ പോലും ഇവ കാര്യക്ഷമമായി പ്രവർത്തിക്കും.
ശത്രു സൈന്യത്തിന്റെ റഡാറുകളെ കബളിപ്പിക്കാനും ഈ മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകൾക്ക് സാധിക്കും. ഇന്ത്യൻ സ്റ്റാൻഡേർഡ് കളർ കോഡിന് അനുയോജ്യമായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞത് 10 വർഷം വരെ ഏത് സാഹചര്യത്തിലും ഇവ ഉപയോഗിക്കാൻ സാധിക്കും. ചതുരശ്ര മീറ്ററിന് 300 ഗ്രാം വരെ ആയിരിക്കും ഇവയുടെ ഭാരം. ഉപയോഗത്തിനിടെ സംഭവിച്ചേക്കാവുന്ന ചെറിയ തകരാറുകൾ പരിഹരിക്കാൻ ചെറിയ കിറ്റുകളും ഇവയ്ക്കൊപ്പം ലഭിക്കും.
Discussion about this post