ന്യൂഡൽഹി: ബിജെപിയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കും എന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച ഇൻഡി സഖ്യത്തിൽ നേതാക്കൾ തമ്മിൽ പരസ്പരമുള്ള ചെളി വാരിയെറിയൽ തുടരുന്നു. പ്രതിപക്ഷം മുന്നോട്ട് വെച്ച പുതിയ തിരഞ്ഞെടുപ്പ് ആയുധമായ ജാതി സെൻസസിന്റെ പേരിലാണ് ഏറ്റവും പുതിയ കൊമ്പുകോർക്കൽ. ഇന്ന് ജാതി സെൻസസിനെ അനുകൂലിക്കുന്ന കോൺഗ്രസ്, അധികാരത്തിൽ ഇരുന്നപ്പോൾ എന്തുകൊണ്ട് അത് നടപ്പിലാക്കിയില്ല എന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു.
അധികാരത്തിൽ ഇരുന്നപ്പോൾ കോൺഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങളാണ് ജാതി സെൻസസ് വൈകാൻ കാരണമായത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്, ജാതി സെൻസസ് രാജ്യത്തെ വിവിധ സമുദായങ്ങളുടെ യഥാർത്ഥ ചിത്രം നൽകുന്ന എക്സ് റേ ആണ് എന്നാണ്. അധികാരത്തിൽ ഇരുന്നപ്പോൾ ഈ എക്സ് റേ എടുക്കാൻ ലാബുകൾ ഒന്നും തുറക്കാതിരുന്ന കോൺഗ്രസ് ഇന്ന് ഇത് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നുന്നത് എന്ന് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ അഖിലേഷ് പറഞ്ഞു.
എക്സ് റേ വേണ്ട സമയത്ത് കോൺഗ്രസ് അത് എടുക്കാൻ തയ്യാറായില്ല. ഇപ്പോൾ നമ്മുടെ കൈയിൽ എം ആർ ഐ, സി ടി സ്കാനുകൾ എന്നിവ ഉണ്ട്. എന്നാൽ രോഗം ഇപ്പോൾ പടർന്ന് കഴിഞ്ഞിരിക്കുന്നു. ഈ പ്രശ്നം നേരത്തേ പരിഹരിച്ചിരുന്നുവെങ്കിൽ ഇന്ന് സമൂഹത്തിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാകില്ലായിരുന്നു. അഖിലേഷ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെൻസസിനെ ഇത്രയും കാലം പിടിച്ചു വെച്ചതിൽ കോൺഗ്രസിന്റെ പങ്ക് രാഹുൽ കാണാതെ പോകരുതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ലോക്സഭയിൽ ജാതി സെൻസസ് എന്ന ആവശ്യം ഉയർന്നപ്പോഴൊക്കെ കോൺഗ്രസ് അതിനെ എതിർക്കുകയായിരുന്നു. പരമ്പരാഗത വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭയമാണ് കോൺഗ്രസിനെ ജാതി സെൻസസിൽ നിന്നും പിന്തിരിപ്പിച്ചത്. രാജ്യത്തെ പിന്നാക്ക വിഭാഗക്കാരെയും ദളിതരെയും ആദിവാസികളെയും കോൺഗ്രസ് ഇത്രയും കാലം വഞ്ചിക്കുകയായിരുന്നുവെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
നവംബർ 17ന് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ തുടർന്നാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിൽ അടിച്ചു പിരിഞ്ഞത്. രാജ്യത്തെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ല എന്ന ബിജെപിയുടെ വാദമാണ് നിലവിൽ അഖിലേഷ് ഏറ്റുപിടിക്കുന്നത്.
Discussion about this post