തിരുവനന്തപുരം: വെങ്ങാനൂരിൽ നായയെ സ്‌കൂട്ടറിന് പുറകിൽ കെട്ടിവലിച്ച് കൊണ്ടുപോയത് കിലോമീറ്ററുകളോളം. സംഭവത്തിൽ പനങ്ങോട് സ്വദേശിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. നായയെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പനങ്ങോട് സൗഗന്ധികത്തിൽ അനിൽകുമാറിനെതിരെയാണ് കേസ് എടുത്തത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. നായയുടെ കഴുത്തിൽ കയർ കെട്ടി അതിന്റെ മറ്റേ അറ്റം സ്‌കൂട്ടറിൽ കെട്ടിയാണ് റോഡിലൂടെ അനിൽ കുമാർ വലിച്ചിഴച്ച് കൊണ്ടുപോയത്. സംഭവം യാത്രികനായ നിഖിൽ മോഹന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് കണ്ടതോടെ അനിൽകുമാർ സ്‌കൂട്ടർ നിർത്തി. ഇതിനിടെ നിഖിൽ വിവരം വിഴിഞ്ഞം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് സ്ഥലത്ത് എത്തി നായയെ മോചിപ്പിക്കുകയായിരുന്നു.
തന്റെ ഒരു വർഷം മുൻപ് കാണാതെ ആയ നായയാണ് ഇതെന്നാണ് അനിൽകുമാർ പറയുന്നത്. കണ്ടെത്തിയതിനെ തുടർന്ന് ബൈക്കിൽ കെട്ടി കൊണ്ടുപോകുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായയെ കെട്ടിവലിച്ച സംഭവത്തിൽ അനിൽകുമാറിനെതിരെ ശക്തമായ പ്രതിഷേധമാണ് മൃഗസ്‌നേഹികളിൽ നിന്നും ഉയരുന്നത്.
Discussion about this post