ന്യൂഡൽഹി: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനവാസി നായകൻ ബിർസ മുണ്ടയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിർസ മുണ്ടയുടെ ജന്മനാടായ ഝാർഖണ്ഡിലെ ഉളിഹട്ടു ഗ്രാമത്തിലെത്തിയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രതിമയിൽ ഉപചാരം അർപ്പിച്ചത്. ബിർസ മുണ്ടയുടെ ജന്മനാട് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ഝാർഖണ്ഡിലെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഉളിഹാട്ടുവിൽ എത്തിയത്. മൂന്നാമത് ജനനാതീയ ഗൗരവ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. വനവാസി സമൂഹത്തിനായി നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഝാർഖണ്ഡിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി, പിഎം- കിസാൻ നിധിയുടെ പതിനഞ്ചാം ഗഡുവും വിതരണം ചെയ്യും.
ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച പ്രധാനമന്ത്രി, ജനജാതീയ ദിവസ് ആശംസകളും നേർന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേന്ദ്ര മന്ത്രി അർജുൻ മുണ്ട, ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും വനവാസി സമൂഹത്തിനും ബിർസ മുണ്ട നൽകിയ മഹനീയ സംഭാവനകൾ പരിഗണിച്ച് 2021 മുതൽ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിവസം ജനജാതീയ ഗൗരവ് ദിവസ് ആയിട്ടാണ് കേന്ദ്ര സർക്കാർ ആഘോഷിക്കുന്നത്.
Discussion about this post