മുംബൈ : ലോകകപ്പ് സെമി ഫൈനലിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ച വച്ച് ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും പിൻബലത്തിൽ ഇന്ത്യ 4 വിക്കറ്റിന് 397 റൺസെടുത്തു. മുൻ നിരബാറ്റർമാരെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ടീം ഇന്ത്യക്ക് കരുത്തായത്. ക്യാപ്ടൻ രോഹിത് ശർമ്മ തുടങ്ങിവെച്ച വെടിക്കെട്ട് ബാറ്റിംഗ് മറ്റുള്ളവരും ഏറ്റെടുത്തതോടെയാണ് പടുകൂറ്റൻ സ്കോർ നേടാൻ ടീമിന് കഴിഞ്ഞത്.
ആദ്യ ഓവറിൽ തന്നെ ലക്ഷ്യം വ്യക്തമാക്കി രോഹിത് ശർമ്മ ആക്രമണം ആരംഭിച്ചതിനു ശേഷം ഒരിക്കൽ പോലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ന്യൂസ്‌ലൻഡിന് കഴിഞ്ഞില്ല. സ്കോർ 71 ൽ നിൽക്കേ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മ ടിം സൗത്തിയുടെ വേഗം കുറഞ്ഞ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. നാല് ബൗണ്ടറികളും നാല് കൂറ്റൻ സിക്സറുകളുമാണ് രോഹിത് ശർമ്മ പായിച്ചത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് നേടി.
തുടർന്ന് ഒത്ത് ചേർന്ന കോഹ്‌ലി – ഗിൽ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. റിട്ടയേഡ് ഹർട്ടായി ഗിൽ പുറത്തുപോയതിനു ശേഷം എത്തിയ ശ്രേയസ് അയ്യർക്കൊപ്പം കോഹ്‌ലി ടീമിനെ മുന്നോട്ട് നയിച്ചു. 163 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയ ഇരുവരും ചേർന്ന് ടീമിനെ മുന്നൂറു കടത്തി. സച്ചിനെ മറികടന്ന് കോഹ്ലി അൻപതാം സെഞ്ച്വറിയും ഇതിനിടയിൽ നേടി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിന്റെ റെക്കോഡും കോഹ്ലി മറികടന്നു.
സ്കോർ 327 ൽ നിൽക്കെ ടിം സൗത്തിയുടെ പന്തിൽ ഡെവൺ കോൺവേ പിടിച്ച് കോഹ്‌ലി പുറത്തായി. 113 പന്തുകളിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തി 117 റൺസാണ് കോഹ്ലി നേടിയത്. ഇതിനിടയിൽ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ച ശ്രേയസ് അയ്യർ കെ.എൽ രാഹുലിനൊപ്പം ചേർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 49 -)0 ഓവറിൽ ബോൾട്ടിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ച് പുറത്താകുമ്പോൾ 105 റൺസാണ് അയ്യർ നേടിയത്. 70 പന്തുകളിൽ എട്ട് പടുകൂറ്റൻ സിക്സറുകളും 4 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി കെ.എൽ രാഹുൽ 20 പന്തിൽ 29 റൺസോടെയും വീണ്ടും ബാറ്റിംഗിനിറങ്ങിയ ഗിൽ 66 പന്തിൽ 80 റൺസോടെയും പുറത്താകാതെ നിന്നു.
Discussion about this post