കൊച്ചി: നടൻ വിനായകന്റെ ജ്യേഷ്ടന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് കൊച്ചി ട്രാഫിക് പോലീസ്. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസ്.
നീ നടൻ വിനായകന്റെ ചേട്ടനല്ലേ’ എന്ന് ചോദിച്ചായിരുന്നു പോലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു. പ്രതികാരനടപടിയാണ് പോലീസിന്റേത് എന്നാണ് ആരോപണം. തന്റെ ഭാര്യയുടെ പേരിലുള്ളതാണ് KL-07-CN-8099 നമ്പർ സിഎൻജി ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകൽ 11.25 ഓടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുൻവൈരാഗ്യത്തോടെ പോലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാർപാടത്ത് ഹാൾട്ടിങ് സ്റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ലെന്ന് വിക്രമൻ വ്യക്തമാക്കി.യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പോലീസുകാർ ഒരു 15 ദിവസം വണ്ടി സ്റ്റേഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നുവെന്നാണ് ആരോപണം.
വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പോലീസ് വ്യക്തമാക്കി. നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്തതിനും പെർമിറ്റില്ലാത്ത സ്ഥലത്ത് സർവീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പട്രോളിങ് സമയത്ത് കസ്റ്റഡിയിലെടുക്കുമ്പോൾ വിക്രമൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എസ്‌ഐ വിനോദ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിക്രമൻ നടൻ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post