തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസിൽ പങ്കെടുക്കാനായി സഞ്ചരിക്കുന്നതിന് ഉള്ള ആഡംബര ബസ് കേരളത്തിലെത്തി. ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ മാസം 18 ന് ബസ് മഞ്ചേശ്വരത്ത് എത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നാണ് കെഎസ്ആർടിസി അധികൃതർക്ക് ലഭിക്കുന്ന നിർദ്ദേശം.
കർണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബൈൽസാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.ഭാരത് ബെൻസിന്റേതാണ് ബസിന്റെ ഷാസി. സെപ്തംബറിൽ ബോഡി നിർമ്മാണത്തിനായി ചേസ് കൈമാറി. 43 ലക്ഷം രൂപയാണ് ഷാസിയുടെ വില. 12 മീറ്റർ നീളമുള്ള ബസ് ചേസിൽ 21 സീറ്റാണു കപ്പാസിറ്റി ഒഎഫ് 1624 ആണ് ഷാസി മോഡൽ. ബോഡി നിർമ്മാണത്തിനു ശരാശരി 35 ലക്ഷമാകുമെന്നാണ് വിവരം. ആഡംബര സൗകര്യങ്ങളുള്ള ബസിൽ മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിൻ ഉണ്ടാകും. അടിയന്തര യോഗം ചേരാനും അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാനുമായി റൌണ്ട് ടേബിൾ മുറിയുണ്ടാകും. മുഖ്യമന്ത്രിക്കും മറ്റ് യാത്രക്കാർക്കും ലഘുഭക്ഷണവും മറ്റും തയാറാക്കാൻ കാപ്പിയും ചായയുമിടാൻ കഴിയുന്ന ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ, പ്രാഥമിക ആവശ്യങ്ങൾക്ക് ശുചിമുറി എന്നിവയാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിൻറെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയുള്ള നവകേരള സദസും അതിന് പുറമെയുള്ള ഈ ആഡംബരബസും വലിയ വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
Discussion about this post