എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിൽ നിന്നും തട്ടിയെടുത്ത പണം തിരികെ നൽകി മഹിളാകോൺഗ്രസ് നേതാവിന്റെ ഭർത്താവ്. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയായ കുട്ടിയുടെ പിതാവിന് തുക തിരികെ നൽകി തടിതപ്പിയത്. കുടുംബത്തെ കബളിപ്പിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇയാൾ കൈക്കലാക്കിയത്.
50000 രൂപയാണ് മുനീർ കുടുംബത്തിന് മടക്കി നൽകിയത്. ഒരു ലക്ഷത്തിലധികം രൂപ മുനീർ തട്ടിയെന്നും ഇതിൽ 70000 മടക്കിനൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി. പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിക്കാരൻ സംഭവം പുറത്തുപറഞ്ഞു. വാർത്തയായതോടെ വാർത്ത കളവാണെന്ന് പറയണമെന്നും മുനീർ ഇവരെ വിളിച്ച് ആവശ്യപ്പെടുകയായികുന്നു. ഇതിന്റെ ശബ്ദസന്ദേശവും പരാതിയ്‌ക്കൊപ്പം അഞ്ച് വയസ്സുകാരിയുടെ പിതാവ് നൽകിയിട്ടുണ്ട്.
കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ സഹായിക്കാനെന്ന വ്യാജേനയാണ് മുനീർ കുടുംബവുമായി അടുത്തത്. കുട്ടി മരിച്ചതിന് പിന്നാലെ സർക്കാർ സംവിധാനങ്ങളിൽ നിന്നുൾപ്പെടെ കുടുംബത്തിന് സഹായം ലഭിച്ചിരുന്നു. ഈ പണം മുനീർ പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് പലപ്പോഴായി പിൻവലിക്കുകയായിരുന്നു. ഇത് അറിഞ്ഞതോടെ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മുനീർ വഴങ്ങിയില്ല. പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ 70,000 രൂപ മടക്കി നൽകുകയായിരുന്നു.
Discussion about this post