എറണാകുളം: നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ഇടപെട്ട് കോടതി. ഓട്ടോറിക്ഷ വിട്ട് നൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഗതാഗത നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കേസ് കഴിയുംവരെ വാഹനം വിൽകരുതെന്നും ആവശ്യപ്പെട്ടാൽ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയാണ് നടപടി. നിലവിൽ എറണാകുളം സിറ്റി ട്രാഫിക് പോലീസ് വെസ്റ്റ് സ്‌റ്റേഷനിലാണ് ഓട്ടോയുള്ളത്. വെള്ളിയാഴ്ച വൈകീട്ട് സ്‌റ്റേഷനിൽ എത്തി വാഹനം ഇറക്കിക്കൊണ്ട് വരുമെന്ന് വിക്രമൻ പ്രതികരിച്ചു.
എംജി റോഡിൽ നോ പാർക്കിംഗ് സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ട്രാഫിക് പൊലീസ് വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിംഗ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും പോലീസ് ആരോപിക്കുന്നു. ഇതിൽ വിക്രമനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 283ാം വകുപ്പും, മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആർ.
Discussion about this post