തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ 87 കാരി മറിയക്കുട്ടിക്കും 80 കാരി അന്ന ഔസേപ്പിനും കൈത്താങ്ങായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. മക്കളുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പേരില്‍ ഒരു വര്‍ഷത്തെ തുക നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തെ തുകയായ 25000 രൂപയാണ് ഇരുവര്‍ക്കും ലഭിക്കുക. തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായമാണ് ചെയ്യുന്നതെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി. മറിയക്കുട്ടിക്ക് നാല് മക്കളാണുള്ളത്. തനിക്കും നാല് പെണ്‍മക്കളാണ്. 87ാം വയസ്സില്‍ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. ചെറിയ തുടക്കമാണിത്. ഇനിയും അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഇരുവരും പ്രതിഷേധ സൂചകമായി അടിമാലി ടൗണില്‍ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ വേറിട്ട സമരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത മറിയക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സിപിഎം പ്രചാരണം നടത്തിയിരുന്നു. മറിയക്കുട്ടിക്കു 2 വീടുകളും ഒന്നരയേക്കര്‍ ഭൂമിയുമുണ്ടെന്നും 4 പെണ്‍മക്കളില്‍ ഒരാള്‍ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്.
ദേശാഭിമാനി പത്രത്തിലടക്കം ഇത്തരത്തില്‍ അധിക്ഷേപിച്ചു കൊണ്ട് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു. തനിക്കെതിരെ തെറ്റായ വാര്‍ത്ത കൊടുത്ത പത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് മറിയക്കുട്ടി.
Discussion about this post