കോഴിക്കോട്: ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനം നടത്താന്‍ ഒരുങ്ങി ബിജെപി. ഡിസംബര്‍ രണ്ടിന് കോഴിക്കോട് വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു.
ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലികള്‍ക്കെതിരെയാണ് ബിജെപി ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയ ഇടത് വലത് മുന്നണികളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനുമുള്ള സംഘടിത ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവന്‍ പറഞ്ഞു.
നേരത്തെ, മുസ്ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നിരുന്നു. നവംബര്‍ 23-ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അടുത്ത മാസം ഭീകര വിരുദ്ധ സമ്മേളനം നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Discussion about this post