തിരുവനന്തപുരം: ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ അലിഖാനെന്ന് നടൻ ഹരിശ്രീ അശോകൻ. തൃഷയെക്കുറിച്ച് മൻസൂർ അലിഖാൻ മോശമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നിച്ച് അഭിനയിച്ച സമയത്ത് തങ്ങൾ എല്ലാവരും ഒരുപാട് സഹിച്ചുവെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.
സത്യം ശിവം സുന്ദരം എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം. സിനിമയിൽ തന്നെയും കൊച്ചിൻ ഹനീഫയെയും മൻസൂർ അലിഖാൻ അടിയ്ക്കുന്ന രംഗമുണ്ട്. സിനിമയിൽ അന്ധന്മാരായി അഭിനയിക്കുന്നതിനാൽ ഇരുവരും കണ്ണ് മുകളിലേക്ക് ആക്കിവയ്ക്കും. അതിനാൽ ഒന്നും കാണാൻ കഴിയില്ല. രംഗം ചിത്രീകരിക്കുന്നതിനിടെ മൻസൂർ അലിഖാൻ കയ്യിൽ ഇടിച്ചു. രണ്ട് പ്രാവശ്യം നെഞ്ചിലും ചവിട്ടി. അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. എന്നാൽ വീണ്ടും ആവർത്തിച്ചു. ഇനി നീ ദേഹത്ത് ചവിട്ടിയാൽ മദ്രാസ് കാണില്ലെന്ന് പറഞ്ഞു. പിന്നീട് കുഴപ്പം ഉണ്ടായില്ല. അയാൾക്ക് വേണ്ടി ഞങ്ങൾ എല്ലാവരും ഒരുപാട് സഹിച്ചുവെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു. ഓൺലൈൻ സിനിമാ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചത്. ലിയോ സിനിമയിൽ തൃഷയ്‌ക്കൊപ്പം അദ്ദേഹവും അഭിനയിച്ചിരുന്നു. ലിയോ സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ അത് ഉണ്ടായില്ല എന്നായിരുന്നു നടന്റെ പരാമർശം.
Discussion about this post