തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗൻ അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ അഖിൽജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തു.
പ്രതികളെ രണ്ട് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. രാവിലെ മുതൽ ഇരുവരും കസ്റ്റഡിയിൽ തന്നെ ആയിരുന്നു എന്ന് ഇഡി അറിയിച്ചു. 101 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസിൽ ഭാസുരാംഗനെ ഇഡി തുടർച്ചയായി ചോദ്യം ചെയ്ത് വരികയായിരുന്നു. ബാങ്ക് സെക്രട്ടറിയെയും ഇഡി ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇയാളെ വിട്ടയക്കുകയായിരുന്നു.
കേസിൽ ഭാസുരാംഗൻറെ നികുതി രേഖകൾ ഉൾപ്പെടെ ഇഡി പരിശോധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന മറ്റ് രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കാലത്ത് സഹകരണ ബാങ്കിൽ 101 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി നേരത്തേ പരിശോധന നടത്തിയിരുന്നു.
Discussion about this post