പത്തനംതിട്ട; കോടതി അനുമതി കാറ്റിൽ പറത്തി റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്.
ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.
തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് നേരത്തെ 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ വിട്ടുനൽകിയിരുന്നു. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതായിരുന്നു നടപടികോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
അതേസമയം, മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം
Discussion about this post