ചെന്നൈ : തമിഴ് താരം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്ന റോപ്പ് ക്യാമറ ദേഹത്തേക്ക് വീണാണ് സൂര്യക്ക് പരിക്കേറ്റത്.
താരത്തിന് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യ നായകനാകുന്ന 42-ാമത് ചിത്രമാണ് കങ്കുവ. ശിവ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ചെന്നൈയിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തായ്‌ലൻഡിലെ ചിത്രീകരണത്തിനു ശേഷം ഈ സിനിമാസംഘം ചെന്നൈയിൽ മടങ്ങി എത്തിയിരുന്നത്.
അപകടത്തിൽ സൂര്യയുടെ തോളിലാണ് പരിക്കേറ്റിട്ടുള്ളത്. ക്യാമറ മുകളിൽ നിന്നും നടന്റെ തോളിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കുറച്ചു നാളുകൾ വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് പറയപ്പെടുന്നത്.
Discussion about this post