പഠനങ്ങൾ കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നാണ്. അമിതവണ്ണം ഉള്ളവരിൽ അത് കുറയാനായി പല ആരോഗ്യ വിദഗ്ധരും മെഡിറ്ററേനിയൻ ഡയറ്റ് ശുപാർശ ചെയ്യാറുണ്ട്. ഈ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം ആവശ്യത്തിന് വ്യായാമം കൂടി ആകുമ്പോൾ ആരോഗ്യപരമായി ശരീര ഭാരം കുറയ്ക്കാൻ കഴിയുന്നതാണ്.
മെഡിറ്ററേനിയൻ കടലിന്റെ അതിർത്തിയിലുള്ള രാജ്യങ്ങളിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, തെക്കൻ ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ. ഒലിവ് ഓയിൽ പോലെയുള്ള കൊഴുപ്പുകളിൽ നിന്ന് കൂടുതൽ കലോറികൾ നൽകുന്ന രീതിയിലുള്ളതാണ് ഈ ഡയറ്റ്. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കാൻ മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കുന്നു.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിന്റെ അടിസ്ഥാനമാക്കുക, പൂരിത കൊഴുപ്പുകൾക്ക് പകരം അപൂരിത കൊഴുപ്പുകൾ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ മെഡിറ്ററേനിയൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ടവയാണ്. ചുവന്ന മാംസത്തിന് പകരം കോഴി തിരഞ്ഞെടുക്കുക, മത്തി,സാൽമൺ, ചൂര, കൊഞ്ച് എന്നിവ പോലെയുള്ള മത്സ്യങ്ങൾ കഴിക്കുക എന്നിവയും ഈ ഡയറ്റ് ശുപാർശ ചെയ്യുന്നു.
പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുകയും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമാകുന്ന ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതാണ് മെഡിറ്ററേനിയൻ ഡയറ്റ്. പരിമിതമായ അളവിൽ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ കഴിക്കാനും ഈ ഭക്ഷണക്രമം ശുപാർശ ചെയ്യുന്നുണ്ട്. ഈ ഭക്ഷണരീതികൾ പിന്തുടരുന്നതോടൊപ്പം ആഴ്ചയിൽ അഞ്ചുദിവസം 30 മിനിറ്റ് സമയം വ്യായാമം ചെയ്യാനും മെഡിറ്ററേനിയൻ ഡയറ്റ് വ്യക്തമാക്കുന്നു. ഈ ജീവിതശൈലി പിന്തുടരുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സാധിക്കുന്നതാണ്.
Discussion about this post