എറണാകുളം: വില്ല നൽകാമെന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതി നിഷേധിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ശ്രീശാന്ത് പറഞ്ഞു. പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണ്. പരാതി നൽകിയ ആളെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലനാണ് ശ്രീശാന്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇതിൽ ശ്രീശാന്തിന് പുറമേ സുഹൃത്തുക്കളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്. കണ്ണൂർ ടൗൺ പോലീസിന്റേതാണ് നടപടി.
വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് സരീഗിന്റെ പരാതി. ഇതിന്റെ പേരിൽ 10 ലക്ഷം രൂപ തട്ടി. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്തത് ആയും സരീഗിന്റെ പരാതിയിൽ പറയുന്നു.
Discussion about this post