ജെറുസേലം: ഹമാസ് ഭീകരർ തടവിലാക്കിയ കൂടുതൽ ബന്ദികൾ ഇന്ന് മോചിതരാകും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേരുടെ മോചനമാകും ഇന്ന് സാദ്ധ്യമാകുക. ഇസ്രായേൽ- ഹമാസ് പോരാട്ടം തുടരുന്ന സാഹചര്യത്തിൽ ഖത്തറും അമേരിക്കയും ഇടപെട്ട് മദ്ധ്യസ്ഥകരാർ ഉണ്ടാക്കിയിരുന്നു. ഇത് പ്രകാരമാണ് ഹമാസിന്റെ നടപടി.
കരാർ പ്രകാരം 24 ബന്ദികളെ ഇന്നലെ രാത്രി ഹമാസ് മോചിപ്പിച്ചിരുന്നു. 13 ഇസ്രായേലികളും, 10 തായ് പൗരന്മാരും, ഫിലിപ്പീൻ പൗരനും അടങ്ങുന്ന 24 അംഗ സംഘത്തെയാണ് മോചിപ്പിച്ചത്. 50 പേരെ മോചിപ്പിക്കാമെന്നായിരുന്നു ഹമാസിന്റെ ഉറപ്പ്. ഇതിൽ ബാക്കിയുള്ളവരാണ് ഇന്ന് മോചിതരാകുന്നത്. ഇസ്രായേലികൾക്ക് പുറമേ മറ്റ് രാജ്യക്കാരും ഉണ്ടെന്നാണ് സൂചന.
200 ലധികം പേരെയാണ് ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുഴുവൻ പേരുടെയും മോചനത്തിനായുള്ള എല്ലാ നടപടിക്രമങ്ങളും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഒക്ടോബർ ഏഴിനായിരുന്നു ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചത്. പോരാട്ടത്തിൽ ഇതുവരെ 14,000 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്.
Discussion about this post