കറാച്ചി: പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയിലെ ഷോപ്പിംഗ് മാളിൽ ഉണ്ടായ സ്ഫോടനത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാളിൽ ഏകദേശം അറുപതോളം പേർ ഉണ്ടായിരുന്ന സമയത്ത്, നാലാം നിലയിൽ വലിയ ശബ്ദത്തോടെ തീ പടർന്ന് പിടിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ പരിക്കേറ്റ ഏഴ് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുമുള്ള ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം അധികൃതർ നൽകിയിട്ടില്ല. സംഭവത്തിന് പിന്നിലെ എല്ലാ കാരണങ്ങളും സാദ്ധ്യതകളും ആശങ്കകളും പരിശോധിച്ച് വരികയാണെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ അധികൃതർ പുറത്ത് വിടുമെന്നുമാണ് പ്രവിശ്യാ പോലീസ് അധികൃതരുടെ ആദ്യ പ്രതികരണം.
Discussion about this post