ശരീരം പല ആന്തരികാവയവങ്ങളിലും കൊഴുപ്പ് സംഭരിച്ചു വയ്ക്കുന്നതായി നമുക്കറിയാം. ഇത്തരത്തിൽ സംഭരിച്ചു വയ്ക്കുന്ന കൊഴുപ്പിന്റെ അളവ് കരളിൽ കൂടുതലാവുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്. രണ്ട് പ്രധാന തരം ഫാറ്റി ലിവർ രോഗങ്ങളാണുള്ളത്. ആൽക്കഹോൾ സംബന്ധമായ കരൾ രോഗം (ARLD), നോൺ ആൽക്കഹോൾ-റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നിവയാണ് അവ.
ഫാറ്റി ലിവർ രോഗം കരളിനെ തകരാറിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ നിന്നും ദഹനവ്യവസ്ഥയ്ക്ക് പിത്തരസം ഉത്പാദിപ്പിക്കുന്നതിൽ നിന്നും കരളിനെ തടയുന്നു. കരളിന് ഈ ജോലികൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ, ഒരു വ്യക്തിക്ക് ശരീരത്തിലുടനീളം മറ്റ് നിരവധി പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മദ്യപാനം മൂലമല്ലാതെ ഉണ്ടാകുന്ന കരൾ രോഗമാണ് നോൺ ആൽക്കഹോൾ-റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ്. തുടക്കത്തിലെ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിൽ വ്യത്യാസങ്ങൾ വരുത്തുന്നത് കൊണ്ടും ഈ പ്രശ്നത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നതാണ്.
ഫാറ്റി ലിവർ രോഗമുള്ളവരിൽ പലപ്പോഴും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതായത് നിങ്ങളുടെ ശരീരം ഇൻസുലിൻ ഉണ്ടാക്കുന്നു, പക്ഷേ അത് നന്നായി ഉപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടുന്നു , നിങ്ങളുടെ കരൾ അതിനെ കൊഴുപ്പാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ കൊണ്ട് ഫാറ്റി ലിവർ രോഗമുള്ളവർ തുടക്കത്തിലെ തന്നെ ഭക്ഷണക്രമത്തിൽ ശ്രദ്ധ കൊടുക്കേണ്ടതാണ്. ഫാറ്റി ലിവർ രോഗമുള്ളവർ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കേണ്ട ചില പ്രധാന ഭക്ഷണ വസ്തുക്കൾ ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
സോഡ, ജ്യൂസ്, നാരങ്ങാവെള്ളം, സ്പോർട്സ് പാനീയങ്ങൾ തുടങ്ങിയ പഞ്ചസാര പാനീയങ്ങൾ ഫാറ്റി ലിവർ രോഗമുള്ളവർ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം. ചുവന്ന മാംസം, ബേക്കൺ, മറ്റ് സംസ്കരിച്ച മാംസം എന്നിവയും പരമാവധി ഒഴിവാക്കേണ്ടതാണ്.
വെണ്ണ ഉപയോഗിക്കുന്നതും പരിമിതപ്പെടുത്തണം. ഫ്രൈഡ് ഫുഡ്‌സ്, ഫ്രൈഡ് ചിക്കൻ, ഡോനട്ട്‌സ്, പ്രോസസ് ചെയ്‌ത സ്നാക്ക്‌സ്, ചിപ്‌സ്, ദോശ, കുക്കികൾ, പേസ്ട്രികൾ തുടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളും പൂർണ്ണമായി ഒഴിവാക്കണം.
Discussion about this post