2022ൽ പാൻ ഇന്ത്യൻ തലത്തിൽ ചരിത്ര വിജയം കൊയ്ത ‘കാന്താര: എ ലെജൻഡ്‘ എന്ന ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം ‘കാന്താര: ചാപ്റ്റർ1‘ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് വിട്ടു. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവമായിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.
തീവ്രവും ദിവ്യവുമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസർ, റിലീസ് ചെയ്ത് ഇതിനോടകം 16 മില്ല്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റർ എന്നിവിടങ്ങളിൽ ട്രെൻഡിംഗ് #1 ലിസ്റ്റിൽ തുടരുകയാണ്. ഏഴ് ഭാഷകളിൽ എത്തിയ ടീസറിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കറിച്ച് ഗൂഗിളിൻ്റെ ഔദ്യോഗിക ഫേസ്ബുബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായി.
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപുള്ള കഥയാണ് ഇതിൽ പറയുന്നത്. കണ്ടംബസിന്റെ ഭരണ കാലത്തെ കഥയും ചരിത്ര സംഭവങ്ങളും, ഭക്തിയുടെ ഘടകങ്ങൾക്കൊപ്പമുള്ള പ്രാദേശിക ഉള്ളടക്കങ്ങൾ എന്നിവയുടെ സംയോജനമാണെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ ഋഷബ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാകുന്നത്.
ഋഷബ് ഷെട്ടിയുടെ ആകർഷകമായ ലുക്ക് പ്രദർശിപ്പിക്കുന്ന ടീസറിൽ, കഥാപാത്രത്തിന്റെ തീവ്രമായ ചിത്രീകരണം കാഴ്ചക്കാർക്ക് പുതിയ ദൃശ്യാനുഭവം നൽകുന്നു. ആദ്യഘട്ടത്തിൽ പ്രതിധ്വനിച്ച പരിചിതമായ ആ ഗർജ്ജനം തിരിച്ചെത്തുന്നതിനോടൊപ്പം, ഒരു ഇതിഹാസത്തിന്റെ പിറവിക്കും തുടക്കമിടുന്നു എന്നും ടീസറിൽ പറയുന്നു. പ്രേക്ഷക ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച കാന്താരയിലെ രജനീഷിൻ്റെ സംഗീതം പുതിയ സിനിമയിലെയും പ്രധാന ഘടകമാണ്.
മാനവികതയും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചിലിലൂടെ പ്രേക്ഷകരെ ആകർഷിച്ച ‘കാന്താര‘ കഴിഞ്ഞ വർഷത്തെ ആഗോള സിനിമാറ്റിക് ലാൻഡ്‌സ്‌കേപ്പിനെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. പാൻ-ഇന്ത്യൻ സിനിമാ അനുഭവങ്ങൾ നൽകാൻ ‘കാന്താര: ചാപ്റ്റർ 1’ലൂടെ ഹോംബാലെ ഫിലിംസ് വീണ്ടും ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം കെജിഎഫ് ചാപ്റ്റർ 2, കാന്താര എന്നീ രണ്ട് മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അഭൂതപൂർവമായ വിജയം നേടിയ ഹോംബാലെ ഫിലിംസ്, ആഗോളതലത്തിൽ 1600 കോടി നേടിയെടുത്തിരുന്നു. ഉടൻ റിലീസിനെത്തുന്ന “സലാർ” ഇതിനകം തന്നെ ഏറെ പ്രതീക്ഷകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ആകാൻ ഒരുങ്ങുന്ന സലാറിൻ്റെ ട്രെയിലർ ഡിസംബർ 1ന് ലോഞ്ച് ചെയ്യും.
ഏഴ് ഭാഷകളിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്ന ‘കാന്താര: ചാപ്റ്റർ 1‘ അടുത്ത വർഷം റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസാധാരണമായ കഥപറച്ചിൽ നിറഞ്ഞ ഒരു സമാന്തര ലോകത്തേക്കുള്ള യാത്രയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നു.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
Discussion about this post