മലപ്പുറം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രക്ഷകർത്താക്കൾക്ക് കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ടുപോകാൻ അവകാശം ഉണ്ട്. അതിൽ വിമർശകർ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. നവകേരള സദസ്സിന്റെ വിജയത്തിൽ വിറളി പൂണ്ടവരുടെ വ്യാജ ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും ശിവൻകുട്ടി പറഞ്ഞു.
നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. നവകേരള സദസ്സ് സർക്കാർ പരിപാടിയാണ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങളാണ് കക്ഷിരാഷ്ട്രീയമില്ലാതെ പങ്കെടുക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ സമയത്ത് കുട്ടികളെ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ നിന്നുമുള്ള ശിവൻകുട്ടിയുടെ പിന്മാറ്റം സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴി വെക്കുകയാണ്. സ്കൂൾ സമയത്ത് കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കരുത്. താലപ്പൊലി പോലുള്ള അനാവശ്യമായ പരിപാടികൾക്ക് കുട്ടികളെ ഉപയോഗിക്കുന്നതിലൂടെ അവർ വെയിലേറ്റ് ക്ഷീണിക്കുമെന്നും അത് അദ്ധ്യയന നിലവാരത്തെ ബാധിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
Discussion about this post