ന്യൂഡൽഹി: ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ നടത്തിയ കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇതോടെ പുറത്തായി. മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നടത്തിയ നിയമനത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സർവ്വകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് വലിയ തിരിച്ചടിയാണ് വിധി. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. രാമചന്ദ്രൻ കീഴോത്ത് അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തളളിയിരുന്നു.
വിസിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകുകയായിരുന്നു. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചെങ്കിലും ഇത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് പിന്നീട് ഗവർണർ തുറന്നടിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഗോപിനാഥ് രവീന്ദ്രനെ വിസിയായി വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്തും പിന്നീട് പുറത്തുവന്നിരുന്നു.
Discussion about this post