കൊച്ചി: സർക്കാർ ഇ-ടിക്കറ്റ് സംവിധാനത്തിന് തുടക്കത്തിലെ കല്ലുകടി. സംവിധാനത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സർക്കാരിന്റെ മൊബൈൽ ആപ്പിനോടും വെബ്‌സൈറ്റിനോടും സഹകരിക്കില്ലെന്നാണ് തിയേറ്ററുകൾ ഉടമകൾ വ്യക്തമാക്കി.
‘ എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം അടുത്തവർഷം ജനുവരിമാസത്തോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സജീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ഫിയോക് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന്റെ ആപ്പിനോട് തിയേറ്ററുടമകൾക്ക് താത്പര്യമില്ലെന്ന് നേതൃത്വം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്‌നോളജി ബേസിൽ മുന്നോട്ട് പോകുന്നില്ല. തിയേറ്ററിൽ ആളുകൾ വന്ന് വരിനിൽക്കുമ്പോൾ ആപ്പ് പണി മുടക്കിയാൽ എന്ത് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ ചോദിച്ചു.
ടിക്കറ്റിന്റെ സർവീസിനായി ഏജൻസിയെ വയ്ക്കുമ്പോൾ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തിയേറ്റർ ഉടമകൾക്ക് പങ്കുവരുന്നത്. അതിൽ നിന്നാണ് ഞങ്ങൾ വിതരണക്കാർക്കും നിർമാതാക്കൾക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താൽപര്യമില്ല. അത് നടപ്പാക്കാൻ സമ്മതിക്കുകയില്ല. ഞങ്ങൾ കൃത്യമായി ആഴ്ചതോറും ഷെയർ നൽകുന്നുണ്ട്. ഇവരുടെ കണ്ണിൽ തിയേറ്ററുടമകൾ വലിയ പണക്കാരാണ്. തൽക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആർ.ടി.സിയ്ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ലെന്ന് ഫിയോക് വ്യക്തമാക്കി.
Discussion about this post