സൈബർ തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പങ്കുവച്ച് ഡോക്ടർ വിനോദ് ബി നായർ. ആർമി വേഷത്തിലെത്തിയ തട്ടിപ്പുകാരാണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്.
കടുവായെ പിടിക്കാൻ നോക്കിയ ആർമി കിടുവ!
ഇത് രണ്ടു ദിവസം മുൻപ് എനിക്ക് സംഭവിച്ച ഒന്നാണ്!
പൊതുവിൽ ഏറ്റവും അധികം സാമ്പത്തിക തട്ടിപ്പിന് വിധേയമാകുന്ന മെഡിസിൻ ഒഴികെയുള്ള കാര്യങ്ങളിൽ പൊതുവേ ഒരു സാമാന്യ ബുദ്ധിയില്ലാത്ത വർഗ്ഗമാണ് ഡോക്ടർമാർ!
ഞാനൊരു തിരുവനന്തപുരംകാരൻ ആയതുകൊണ്ടും ഞാൻ പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയതുകൊണ്ടും ഒരുമാതിരി തരികിടകളും തട്ടിപ്പുമൊക്കെ എനിക്ക് മനസ്സിലാകും !
നേവിക്കാരുടേയും സെൻട്രൽ ഏജൻസികളുടേയും ഒരു വേണ്ടപ്പെട്ട ഡോക്ടറാണ് ഞാൻ. അവരിൽ പലരും എന്നെ കാണാൻ വരാറുണ്ട്.
ഡിഫൻസ് ഫോഴ്‌സിൽ ഉള്ളവർക്ക് അവരുടെ ഡിപ്പാർട്ട്‌മെന്റിൽ പറയാൻ പറ്റാത്ത പ്രശ്‌നങ്ങൾ ചിലത് വരുമ്പോൾ എന്നെ കാണാൻ വരും.
എനിക്ക് പറ്റുന്നതുപോലെ ചികിത്സയും കൊടുക്കാറുണ്ട് !
കഴിഞ്ഞ ദിവസം ഭാര്യയുമൊത്ത് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നേവിയിൽ നിന്നാണെന്ന് പറഞ്ഞ്
ഒരാൾ വിളിച്ചു.
അവർക്ക് അത്യാവശ്യമായി 23 പേരുടെ
ഇഎൻടി ജനറൽ എക്‌സാമിനേഷൻ ചെയ്യാനുണ്ട്. അവിടുത്തെ ഡോക്ടർ സ്ഥലത്തില്ലാത്തതുകൊണ്ടാണ്! ഇപ്പോൾ കൊണ്ടു വരട്ടെയോ എന്ന് ചോദിച്ചു. 23 പേരെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ എനിക്ക് പ്രയാസമാണെന്നും ബാച്ച് ബച്ചായി വരികയാണെങ്കിൽ നോക്കാമെന്നും പറഞ്ഞു. നേവി നേരിട്ട് കാശു തരുന്നതായതിനാൽ എത്രയാണ് കാശ് എന്ന് ചോദിച്ചു. ഞാൻ സാധാരണ വാങ്ങുന്ന കൺസൽട്ടേഷൻ ഫീസ് പറഞ്ഞപ്പോൾ, ഒന്ന് സൗജന്യം ചെയ്തു കൊടുക്കാമോ എന്ന് ചോദിച്ചു. ഡിഫൻസ് ആയതുകൊണ്ട് ഞാൻ ഓക്കേ പറഞ്ഞു. അടുത്തിരുന്ന ഭാര്യയും പറഞ്ഞു ഒരുമിച്ച് ഇത്രയും പേർ വരുന്നതല്ലേ. വലിയ പണിയൊന്നും ഇല്ലല്ലോ. മകളുടെ കല്യാണവും വരികയല്ലേ, കാശിനൊക്കെ ആവശ്യമുണ്ടാകും എന്ന്. ഈ അവസാനത്തെ വരികൾ ഓർത്തു വെക്കണം. പിന്നെ ആവശ്യം വരും.
സീനിയർ ഓഫീസറോഡ് സംസാരിച്ചിട്ട് ഇപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതിനുശേഷം അല്പം കഴിഞ്ഞ് തിരിച്ച് വിളിച്ച് അവർക്ക് ഞാൻ പറഞ്ഞ ഫീസ് ഒക്കെ ആണെന്നും കുറച്ചു കൊടുത്തതിനു നന്ദിയുണ്ടെന്നും മേൽ ഉദ്യോഗസ്ഥനോട് വീഡിയോ കോളിൽ സംസാരിക്കണം എന്നും പറഞ്ഞു. അതിനു ഞാൻ ഓക്കേ പറഞ്ഞു.
കുറച്ചു കഴിഞ്ഞ് ഒരു ആർമി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച ആൾ വീഡിയോ കോളിൽ വന്നു. എങ്ങനെയാണ് പെയ്‌മെൻറ് നടത്തേണ്ടതെന്നും ഞാൻ ഗൂഗിൾ പേ ഓകെ ആണെന്നും പറഞ്ഞു. അവർ അവരുടെ സംവിധാനം അനുസരിച്ച് ഗൂഗിൾ പേയിൽ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും അതിന് അവർ സഹായിക്കാം എന്നും പറയുന്നു.
പിന്നെ എനിക്ക് ഹിന്ദിയിൽ നിർദ്ദേശങ്ങൾ നൽകുകയാണ്. ഗൂഗിൾ പേ യിൽ പോയി പേ ബിൽസ് എടുക്കാൻ പറഞ്ഞു. എനിക്ക് പരിചയമില്ലാത്ത ഒന്നായതുകൊണ്ട് ഇത് അവരുടെ സംവിധാനമാണെന്ന് ഞാൻ വിചാരിച്ചു. ക്രെഡിറ്റ് കാർഡ് സെലക്ട് ചെയ്യാൻ പറഞ്ഞു. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് സെലക്ട് ചെയ്യാൻ പറഞ്ഞു. അവർ പറയുന്ന ക്രെഡിറ്റ് കാർഡ് നമ്പർ ഞാൻ എന്റർ ചെയ്തു.
അപ്പോൾ വീഡിയോ കോളിൽ കൂടി അവർ നോക്കിയാണ് അവർ എനിക്ക് ഇൻസ്ട്രക്ഷൻ തരുന്നത്. അടുത്തു പറഞ്ഞതാണ് എനിക്ക് സംശയം ഉണ്ടാക്കിയത് .ക്രെഡിറ്റ് നമ്പർ തന്ന അവർ ആ നമ്പർ എന്റെ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാനാണ് പറഞ്ഞത്. ഞാൻ ഒരു മിനിറ്റ് എന്നുപറഞ്ഞിട്ട് സ്‌ക്രീൻ പുറകോട്ട് എടുത്തു. അവർ തടഞ്ഞു. കാരണം അവർ പെട്ടെന്ന് ഓരോന്നായി പറഞ്ഞപ്പോൾ ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഡിഫൻസ് ഫോഴ്‌സിൽ ഉള്ളവരല്ലേ പറയുന്നത്. ആ നിമിഷം വരെ എനിക്ക് ഇത് ആർമി ഡിപ്പാർട്ട്‌മെൻറ് ആളല്ല എന്ന് ഒരു സംശയവും തോന്നിയില്ല. ഞാൻ പറഞ്ഞു കാലം മോശമാണ് ‘ലെറ്റ് മി വെരിഫൈ ദ ഹോൾ തിംഗ് എഗൈൻ’ അതുകഴിഞ്ഞ് ഞാൻ പറഞ്ഞു ഇങ്ങനെ ചെയ്യാൻ സാധ്യമല്ലെന്ന്. എന്റെ അക്കൗണ്ട് നമ്പർ തരാം. അതിലേക്ക് ഇട്ടാൽ മതി എന്നു പറഞ്ഞു. അവർ തപ്പിത്തുടങ്ങി! നേരിട്ട് ഗൂഗിൾ പേ ചെയ്യാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട ആദ്യം ഞാൻ ആളുകളെ കാണട്ടെ, അതിനുശേഷം പെയ്‌മെൻറ് നടത്തിയാൽ മതി എന്നു പറഞ്ഞു. എന്നിട്ട് ഞാൻ ഫോൺ കട്ട് ചെയ്തു.
അവർ വീണ്ടും എന്നെ തിരിച്ചു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഒരു തട്ടിപ്പാണോ എന്ന് എനിക്ക് സംശയമുണ്ട് നിങ്ങൾ ആളുകളെ കൊണ്ടു വന്നോളൂ. കൊണ്ടുവന്നതിനു ശേഷം പിന്നീട് കാശ് തന്നാൽ മതി എന്ന് പറഞ്ഞു. പിന്നെ ഒരു അനക്കവുമില്ല.
വൈകുന്നേരമായപ്പോൾ എനിക്ക് ഉറപ്പായി തട്ടിപ്പാണെന്ന്. അതോടുകൂടി ഞാൻ സൈബർ സെല്ലിൽ പരാതി നൽകി. ഇതുവരെ അനക്കമൊന്നുമില്ല.
ഇതിവിടെ വിശദമായി എഴുതുവാൻ കാരണം ഞാൻ പോലും തട്ടിപ്പിന് വളരെ അടുത്തെത്തി എന്നതുകൊണ്ടാണ്. ആർമിയുടെ പേരിൽ പലതരത്തിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് എന്റെ പിള്ളാരും പറഞ്ഞു. പൊതുവേ ആർമി ഡിഫൻസ് നേവി എന്നൊക്കെ പറയുമ്പോൾ നമ്മൾ അത് വിശ്വസിക്കാനുള്ള സാധ്യത ഏറെയാണ്. ഇവിടെ വീഡിയോ കോളിൽ വന്ന ആൾ ആർമി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചിരുന്നു എന്നത് പ്രത്യേകം ഓർക്കണം.
സൂക്ഷിക്കണം. അല്ലെങ്കിൽ കയ്യിലുള്ള കാശ് പോകും. നിങ്ങൾ ചെയ്തു ശീലം ഇല്ലാത്ത പുതിയ കാശ് ട്രാൻസാക്ഷനുകൾ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം.
വാൽ: എല്ലാം കഴിഞ്ഞ് എന്റെ ഭാര്യ…
വല്ല കാര്യവും ഉണ്ടായിരുന്നോ തട്ടിക്കപ്പെട്ടേനെയല്ലോ!
മൗനം വിദ്വാനു ഭൂഷണം ആയതിനാൽ അതിന് മറുപടി പറഞ്ഞില്ല!??
Discussion about this post