കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ള ചാനൽ ആണ് പത്മകുമാറിന്റെ മകളും കേസിലെ മൂന്നാം പ്രതിയുമായിരുന്ന മകൾക്ക് ഉള്ളത്. അനുപമ പത്മൻ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.
കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇൻസ്‌പെക്ടറാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിശദമായി ചോദ്യം ചെയ്തതോടെ ഭാര്യ കവിതയും മകൾ അനുപമയും തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തിൽ പങ്കാളികളാണെന്നും പത്മകുമാർ പോലീസിന് മൊഴിനൽകി. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയൽ കിഡ്നാപ്പിങ് ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകി
ആഡംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളിൽ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു. ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു.
Discussion about this post