തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ ഉജ്ജ്വലവിജയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തകർക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വലസെമിഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്കാണ് പോകുന്നതെന്നും കെസുരേന്ദ്രൻ പറഞ്ഞു. തോൽവി അംഗീകരിക്കാതെ ജനങ്ങളെ തമ്മിൽ തല്ലിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സേ, ആദ്യം പരാജയത്തിൽ നിന്നും പാഠം പഠിക്കാൻ ശ്രമിക്കൂയെന്ന് അദ്ദേഹം പറഞ്ഞു.
ജാതി കാർഡ്, ഹിന്ദു പാർട്ടി, ഫ്രീബി പൊളിറ്റിക്‌സ് , വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി തുടങ്ങിയ പരമ്പരാഗത ക്യാപ്സൂളുകൾ പരാജയപ്പെട്ടപ്പോൾ, ഇന്നത്തെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസ് ആരംഭിച്ച പുതിയ ഒന്നാണ് ‘സൗത്ത് -നോർത്ത് ‘ എന്ന വിഘടനവാദത്തിലേക്ക് നയിക്കുന്ന ക്യാപ്സ്യൂളെന്ന് അദ്ദേഹം വിമർശിച്ചു. ഈ കൂട്ടരാണ് ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ ‘ഭാരത് ജോഡോ യാത്ര’നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ രാഷ്ട്രീയത്തിൽ റോളൊന്നുമില്ലാതെ ഗ്യാലറിയിൽ ഇരിക്കുന്ന സിപിഎമ്മും ഇതേ വാദം ഉന്നയിക്കുന്നുണ്ട്. ഗോവ ഭരിക്കുന്നത് ബിജെപിയാണ്, പോണ്ടിച്ചേരിയും ബിജെപി ഭരണത്തിലാണ്. കർണാടകയിൽ ബിജെപി ഇപ്പോൾ പ്രധാന പ്രതിപക്ഷമാണ്. തെലങ്കാനയിൽ കഴിഞ്ഞ തവണത്തേക്കാൾ 9 മടങ്ങ് കൂടുതൽ സീറ്റുകളാണ് ബിജെപി നേടിയത്. ഈ പറഞ്ഞ പ്രദേശങ്ങളിലെ പല ലോക്സഭാ സീറ്റുകളിലും ബിജെപിയാണ് ജയിച്ചത് . 2024ൽ കേരളത്തിലുൾപ്പെടെ കൂടുതൽ ലോക്സഭാ സീറ്റുകൾ ബിജെപി നേടും എന്ന കാര്യവും ഉറപ്പാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post