പൂനെ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതെന്ന ആരോപണങ്ങൾക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് തന്നെ ശബ്ദമുയർത്തി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. തെളിവില്ലാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കുന്നതിൽ കാര്യമില്ല. നിലവിലെ ട്രെൻഡ് ബിജെപിക്ക് അനുകൂലമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും പവാർ പറഞ്ഞു.
അതേസമയം നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തെ ബാധിക്കില്ലെന്നും പവാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ സഖ്യാംഗങ്ങൾ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിന്നും വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടുകൾ യോഗത്തിൽ ചർച്ച ചെയ്യും. അതിന് ശേഷം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള പൊതുഅഭിപ്രായം സഖ്യം വിശദീകരിക്കുമെന്നും പവാർ പറഞ്ഞു.
പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യം പ്രഖ്യാപിച്ചതിന് ശേഷം നടന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്നും ശക്തമായ തിരിച്ചടിയാണ് സഖ്യം നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനവിധി കോൺഗ്രസിന് അനുകൂലമായിരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നേടുകയാണ്. തെലങ്കാനയിൽ ബി ആർ എസിനെതിരെ നേടിയ വിജയം മാത്രമാണ് കോൺഗ്രസിന് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്.











