തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ആശ്വാസക്കാറ്റായി സുരേഷ് ഗോപി. ബാങ്ക് കൊള്ളയിൽ പണം നഷ്ടപ്പെട്ട ശശി ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. നേരത്തെ വീട്ടിലെത്തി കടം വീട്ടി നൽകാം എന്ന് സുരേഷ് ഗോപി വാഗ്ദാനം നൽകിയിരുന്നു.
ഇന്നലെ കാറളം പഞ്ചായത്തിലെ വെള്ളാനി ട്രിനിറ്റി ഹാളിൽ നടന്ന എസ്ജി കോഫി ടൈംസിൽ വച്ച് ശശിയുടെ സഹോദരങ്ങളായ കുമാരൻ, സരസ്വതി, ജയശ്രീ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സുരേഷ് ഗോപി നൽകി. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നാണ് സഹായം നൽകിയത്.
ഈ കഴിഞ്ഞ സെപ്തംബർ 30 നാണ് ശശി മരണത്തിന് കീഴടങ്ങിയത്. ശശിയുടെയും അമ്മയുടെയും പേരിലാണ് പതിനാല് ലക്ഷം നിക്ഷേപിച്ചിരുന്നത്. എഴുപത്തിയേഴുകാരിയായ അമ്മ തങ്കയ്ക്ക് തലയിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതിന്റെ ചികിത്സയ്ക്ക് മാസം 3000ഓളം രൂപ വേണം. അമ്മയും മകനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. പലിശ വാങ്ങി ചികിത്സിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പണം ലഭിക്കാതായതോടെ ചികിത്സ മുടങ്ങുകയായിരുന്നു.
Discussion about this post