ഹൈദരാബാദ്: അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തെലങ്കാനയിലെ ബിജെപി എം എൽ എ രാജ സിംഗ്. 15 മിനിറ്റിനുള്ളിൽ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ മതഭ്രാന്തന് കീഴിൽ സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ഹിന്ദുക്കളെ കൊന്നൊടുക്കിയ നൈസാമിന്റെ റസാക്കർ സേനാനായകൻ കാസിം റിസ്വിയുടെ പിൻഗാമിയാണ് ഒവൈസിയെന്നും രാജ സിംഗ് ചൂണ്ടിക്കാട്ടി.
ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടി ദൗർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നിരിക്കുകയാണ്. കോൺഗ്രസിന് പ്രിയം ആരോടാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും രാജ സിംഗ് പറഞ്ഞു.
2012ലായിരുന്നു അക്ബറുദ്ദീൻ ഒവൈസി വിവാദ പ്രസ്താവന നടത്തിയത്. 15 മിനിറ്റ് നേരം പോലീസിനെ നിഷ്ക്രിയമാക്കിയാൽ രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഒവൈസിയുടെ വാക്കുകൾ. 2019ൽ ഇയാൾ ഇത് ആവർത്തിച്ചിരുന്നു.
തെലങ്കാന നിയമസഭയിൽ ഒവൈസിക്ക് കീഴിലുള്ള സത്യപ്രതിജ്ഞ ബഹിഷ്കരിക്കും. പ്രോടേം സ്പീക്കർക്ക് പകരം പുതിയ സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ സത്യപ്രതിജ്ഞ ചെയ്യൂ. ഇക്കാര്യം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ അവതരിപ്പിക്കുമെന്നും രാജ സിംഗ് വ്യക്തമാക്കി.
അതേസമയം, ഒരു ദിവസത്തേക്ക് മാത്രമായിരിക്കും ഒവൈസിയുടെ പ്രോടേം സ്പീക്കർ പദവി എന്നാണ് സൂചന. അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ശേഷം പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ മുതിർന്ന അംഗം എന്ന നിലയിലുള്ള സാങ്കേതിക പദവി മാത്രമാണ് പ്രോടേം സ്പീക്കർ.
Discussion about this post