തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കലാപാഹ്വാനത്തിനാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പോലീസാണ് കേസെടുത്തത്.
നവകേരള സദസിനെ ‘ട്രോളി’ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് കേസിനാസ്പദം. സിപിഎം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നൽകിയത്.നവകേരള യാത്ര പാലക്കാട് ജില്ലയിലേക്കു വരുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫേസ് ബുക്ക് പേജിൽ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്.
‘ആലിബാബയും 41 കള്ളൻമാരും’ എന്ന തലക്കെട്ടിൽ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമാണ് ഫാറൂഖ് പങ്കുവച്ചത്. ‘നവകേരള സദസ്സിൽ വൻ ജനക്കൂട്ടം: മുഖ്യമന്ത്രി പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകർ പരാതി നൽകിയത്.
Discussion about this post