തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ. നെടുമങ്ങാടാണ് സംഭവം. നവകേരള സദസ്സിന്റെ പ്രചാരണത്തിനും മറ്റുമായി കുട്ടികളെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥിനികളെ ജാഥയ്ക്കായി രംഗത്ത് ഇറക്കിയത്.
നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളെയാണ് വിളബംര ജാഥയിൽ പങ്കെടുപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവം. ശക്തമായ വെയിൽ ഉള്ള സമയത്ത് ഫ്‌ളക്‌സും പിടിച്ചായിരുന്നു ജാഥ. ഇതിന് പിന്നാലെ വൈകീട്ടോടെ മഴയും പെയ്തു. മണിക്കൂറുകളോളം കുട്ടികൾ മഴയത്ത് നിന്നുവെന്നാണ് ആക്ഷേപം.
ഇതിനുപുറമേ വിളംബര ജാഥയ്ക്കുശേഷം നെടുമങ്ങാട് ആലിന്റെ ചുവട്ടിലും, നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലും യാതൊരു വിധ മുൻകരുതലും ഇല്ലാതെ ഫ്‌ളാഷ് മോബ് നടത്തിയതായും പരാതിയുണ്ട്.
ഇടത് സംഘടനയിൽപ്പെട്ട അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ആണ് വിളംബരജാഥയ്ക്ക് ചുക്കാൻ പിടിച്ചത് എന്നാണ് വിവരം. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മലപ്പുറത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സമയത്ത് കുട്ടികളെ പൊരിവെയിലിൽ റോഡിൽ നിർത്തിയത് വലിയ വിവാദം ആയിരുന്നു. ഇതോടെയാണ് കോടതി ഇടപെടൽ ഉണ്ടായത്.
Discussion about this post