ഇസ്ലാമാബാദ്; പാകിസ്താനിൽ തിരഞ്ഞെടുപ്പ് അടുക്കവെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ തീവ്രവാദ ഭീഷണി നേരിടുന്നുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രി സർഫാസ് അഹമ്മദ് ബുഗ്തി.
നിലവിലെ തീവ്രവാദ ഭീഷണിയുടെ അന്തരീക്ഷത്തിൽ പൊതു റാലികളിലും ഒത്തുചേരലുകളിലും രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർമാരുമായി നേരിട്ട് ഇടപഴകാൻ താൽപ്പര്യപ്പെടുന്ന രാഷ്ട്രീയനേതാക്കൾ പോലും പൊതുപരിപാടികളിൽ വിമുഖത കാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ ചരിത്രമുണ്ടെന്നും മുൻ പ്രധാനമന്ത്രിമാരായ ഷൗക്കത്ത് അസീസ്, ബേനസീർ ഭൂട്ടോ, നവാബ് സനാവുല്ല സെഹ്രി, മിർ സിറാജ് ഖാൻ റെയ്സാനി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളെ ഭീകരർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രാഷ്ട്രീയ റാലികളിലും ആണ് ലക്ഷ്യമിട്ടതെന്നും മന്ത്രി അനുസ്മരിച്ചു.
ജനങ്ങൾക്ക് അവരുടെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവസരം നൽകുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. നമ്മുടെ അർദ്ധസൈനിക സേന ഭീകരതയ്ക്കെതിരെയും മറ്റ് ഓപ്പറേഷനുകളിലും തിരക്കിലാണ് , എന്നാൽ ഇതൊക്കെയാണെങ്കിലും, സിവിൽ സായുധ സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് പാക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് അനുസരിച്ച് നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.











