തിരുവനന്തപുരം: നടൻമാരായ ഭീമൻ രഘുവിനെയും വിനായകനെയും ആക്ഷേപിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരങ്ങളെ ആക്ഷേപിക്കുന്ന രഞ്ജിത്തിന്റെ വാക്കുകൾ.
ഭീമൻ രഘു ഒരു കോമാളിയാണെന്നും മസിൽ ഉണ്ടെന്നേ ഉളളൂ മണ്ടനാണെന്നും രഞ്ജിത് പറയുന്നു. ഞങ്ങൾ ഒക്കെ എത്ര കാലമായി കളിയാക്കി കൊന്നോണ്ടിരിക്കുന്ന ഒരുത്തനാണെന്നും രഞ്ജിത് പറഞ്ഞു. ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ഭീമൻ രഘു എഴുന്നേറ്റ് നിന്നതുമായി ബന്ധപ്പെട്ട്് ആയിരുന്നു രഞ്ജിത്തിന്റെ മറുപടി. മുഖ്യമന്ത്രി ആ ഭാഗത്തേക്ക് നോക്കിയില്ല, മിസ്റ്റർ രഘു നിങ്ങൾ അവിടെ ഇരിക്കൂ എന്ന് പറഞ്ഞാൽ ഇവൻ ആളായി അങ്ങനെ പുളളി ആരെയും ആളാക്കില്ലെന്നും ആയിരുന്നു രഞ്ജിത്തിന്റെ മറുപടി.
മുഖ്യമന്ത്രിയോടുളള ബഹുമാന സൂചകമായിട്ടാണ് എഴുന്നേറ്റ് നിൽക്കുന്നതെന്ന് ആയിരുന്നു ഭീമൻ രഘുവിന്റെ വാദം. ഇത് ട്രോളുകൾക്കും പരിഹാസത്തിനും വഴിയൊരുക്കുകയും ചെയ്തിരുന്നു.
രഞ്ജിത് സംവിധാനം ചെയ്ത ലീല സിനിമ വെറും മുത്തുച്ചിപ്പിയാണെന്ന നടൻ വിനായകന്റെ വിമർശനത്തിന് വിനായകനും വിവരമില്ലെന്ന് ആയിരുന്നു മറുപടി. ഇത് ഉണ്ണിയുടെ കഥയാണെന്ന് അവന് അറിയില്ല. ഒരു സിനിമയെക്കുറിച്ച് എന്തെങ്കിലും പറയുമ്പോൾ ആര് എഴുതി എന്ന് അറിയണം. വിനായകാ, അത് ഞാൻ അല്ല ഉണ്ണി ആർ ആണെന്ന് പറയേണ്ട ഉത്തരവാദിത്വം എനിക്ക് ഇല്ലാത്തതുകൊണ്ട് പ്രതികരിച്ചില്ലെന്നും രഞ്ജിത് പറഞ്ഞു.
പുതിയ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചും രഞ്ജിത് പ്രതികരിക്കുന്നുണ്ട്. സർഗാത്മകത എന്നത് സിനിമയുടെ ഭാഗമാണ്. സർഗാത്മകതയുടെ ഭാഗമാണ് പുതിയ സിനിമ എന്ന ആ തിരഞ്ഞെടുപ്പും. എനിക്ക് ഈ വിഷയം സിനിയാക്കിയേലേ പറ്റൂ എന്ന് വല്ലാതെ ഹോണ്ട് ചെയ്താൽ മാത്രമേ അത് സിനിമ ചെയ്യണമെന്നുളളൂ. അല്ലാതെ ഒരു ഓഫീസ് തുറന്നുവെച്ച് ഇത് എല്ലാ മാസവും സിനിമ ചെയ്യണം എന്നില്ല.
ഏറ്റവും കൂടുതൽ പരസ്പരം കണ്ടുകൂടാത്ത ആളുകൾ ജീവിക്കുന്നത് ഇവിടുത്തെ കല, സിനിമ ലോകത്താണ്. കച്ചവട സിനിമ എന്ന് പറയുന്ന അവർക്കൊന്നും തമ്മിലുളള ബന്ധവും സ്‌നേഹവും ഒന്നും ഇവൻമാർക്കില്ല. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനോട് ഇഷ്ടവും ബഹുമാനവുമാണെന്നും രഞ്ജിത് അഭിമുഖത്തിൽ പറയുന്നു.
Discussion about this post