കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപത്തുള്ള കടകൾ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാർത്തയായതിനെ തുടർന്ന് വിമർശനങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. ഇതിനെ തുടർന്നാണ് നിർദേശം പിൻവലിക്കാൻ തീരുമാനമായത്.
ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപത്തുള്ള കടകൾ രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു നിര്‍ദേശം. കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. കടകള്‍ അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സുരക്ഷ പരിഗണിച്ചാണ് നിർദേശം എന്നത് പകൽ പോലെ വ്യക്തമാണ് എന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ വന്നിരുന്നു.
നേരത്തേ ആലുവയിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന തരത്തിൽ വന്ന നിർദേശം വലിയ തോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഹേതുവായിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ഏറ്റുമാനൂരിലെ വിചിത്ര ഉത്തരവ് പ്രചരിച്ചത് സർക്കാരിന് നാണക്കേടായിരുന്നു.
Discussion about this post