കോട്ടയം: ഗവർണർ – മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് ഗവർണർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗവർണറെ ശിവൻകുട്ടി വിമർശിച്ചത്. രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായെന്നാണ് ശിവൻകുട്ടിയുടെ പ്രധാന ആരോപണം.
ഗവർണർ വർഷത്തിൽ പകുതിയിലധികം കേരളത്തിന് പുറത്താണ്. സ്വന്തം കടമ നിർവഹിക്കാത്ത
ഗവർണറുടെ കൃത്യവിലോപത്തിൽ രാഷ്ട്രപതി ഇടപെടണം. സ്ഥാനം ഉറപ്പിക്കാൻ എന്തും ചെയ്യുന്ന വ്യക്തിയാണ് ഗവർണർ. രാജ്ഭവൻ ഇപ്പോൾ ആർഎസ്എസ് കാര്യാലയം പോലെയാണ് പ്രവർത്തിക്കുന്നതെന്നും ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കുമ്പോൾ മന്ത്രിമാർ മൗനം പാലിക്കുമെന്ന് ആരും കരുതേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ പ്രതിപക്ഷ നേതാവ് അല്ല. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഗവർണർ നിരന്തരം ആക്ഷേപിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഗവർണർ പരസ്യമായി സർക്കാരിനെതിരെ വീണ്ടും രംഗത്ത് വന്നത്. മുഖ്യമന്ത്രിയും പാർട്ടിയും നിർദ്ദേശിച്ചത് അനുസരിച്ചാണ് എസ്എഫ്‌ഐക്കാർ ആക്രമണം നടത്താൻ തുനിഞ്ഞതെന്ന് ആയിരുന്നു ആരോപണം. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്നും പോലീസിനെ വിലക്കിയിരിക്കുകയാണെന്നും ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു.
വിരട്ടലും വിലപേശലും വേണ്ടെന്ന പതിവ് മറുപടിയുമായി മുഖ്യമന്ത്രിയും രാവിലെ രംഗത്തെത്തിയിരുന്നു. എന്നാൽ നവകേരള സദസ്സ് ധൂർത്താണെന്നും പരാതി വാങ്ങൽ മാത്രേമയുളളൂ പരിഹാരമില്ലെന്നും ഗവർണറും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പോസ്റ്റും.
Discussion about this post