കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി സ്കൂൾ മതിലുകൾ പൊളിക്കുന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഇങ്ങനെ മതിലുകൾ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. പറ്റിപ്പോയെന്നും പുനർനിർമ്മിച്ച് നൽകാമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
എന്നാൽ പൊതുഖജനാവിലെ പണമല്ലേ ഇതിനായി ചിലവഴിക്കുന്നത് എന്ന് കോടതി ചോദിച്ചു. കൊല്ലം ചക്കുവള്ളി ദേവസ്വം സ്കൂളിന്റെ മതിൽ പൊളിച്ച് അവിടെ നവകേരള സദസ് നടത്താനുള്ള തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്.
പൊതുഖജനാവിലെ പണമല്ലേ മതിലുകൾ പുനർനിർമ്മിക്കാൻ ചിലവഴിക്കുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചപ്പോഴും സർക്കാർ മൗനം ദീക്ഷിച്ചു. തുടർന്ന്, ആരാണ് ഈ നവകേരള സദസിന്റെ നോഡൽ ഓഫീസർ എന്ന് കോടതി ചോദിച്ചു. ദേവസ്വം സ്കൂളിന്റെ മതിൽ പൊളിക്കുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വ്യക്തമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൊല്ലം ജില്ലാ കളക്ടറോടും നോഡൽ ഓഫീസറോടും കോടതി ആവശ്യപ്പെട്ടു. സത്യവാങ്മൂലം സമർപ്പിച്ച ശേഷം ഹർജി നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post