തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരാണ് റെയ്ഡ് നടത്തിയത്. അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് റെയ്ഡ്. ഇന്ന് രാവിലെയോടെ ആരംഭിച്ച റെയ്ഡ് വൈകുന്നേരവും തുടരുകയായിരുന്നു.
എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജ്വല്ലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. ഇന്ത്യ ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആഭരണങ്ങളല്ല വിൽക്കുന്നതെന്നായിരുന്നു ആരോപണം.
വിമർശനം ശക്തമായതോടെ ജ്വല്ലറി ഗ്രൂപ്പിനെ പ്രതിരോധിച്ച് ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് വിറ്റഴിച്ചുവരുന്നതെന്നാണ് സംഘടന വ്യക്തമാക്കിയത്.
Discussion about this post