തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിന് ഐഎഫ്എഫ്‌കെ സമാപന വേദിയിൽ വീണ്ടും കൂവൽ. ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ അതിഥികൾക്കൊപ്പം വേദിയിൽ ഇരിക്കുകയായിരുന്ന രഞ്ജിത് പ്രസംഗപീഠത്തിന് സമീപത്തേക്ക് നടക്കുമ്പോൾ തന്നെ കാണികൾ കൂവി തുടങ്ങിയിരുന്നു.
കഴിഞ്ഞ തവണയും രഞ്ജിത്തിനെ സമാപന വേദിയിൽ കാണികൾ കൂവിയിരുന്നു. എന്നാൽ അന്ന് താൻ എസ്എഫ്‌ഐയിൽ പ്രവർത്തിച്ച കഥ പറഞ്ഞാണ് രഞ്ജിത് മറുപടി പറഞ്ഞത്. ഇത്തവണ എസ്എഫ്‌ഐ കഥ പറയാൻ മിനക്കെട്ടില്ല.
ഇത്തവണ വേദിയിലെയും സദസ്സിലെയും ബഹുമാന്യരെ എന്ന് തുടങ്ങുന്ന രഞ്ജിത്തിന്റെ വാക്കുകൾക്ക് പിന്നാലെ കൂവൽ ഉയർന്നു. പ്രകാശ് രാജ് ഉൾപ്പെടെയുളള അതിഥികൾക്ക് വലിയ കൈയ്യടി ലഭിച്ചപ്പോഴാണ് രഞ്ജിത്തിന് കൂവൽ ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും നന്ദി പറഞ്ഞുകൊണ്ടാണ് രഞ്ജിത് പ്രസംഗം തുടങ്ങിയതും. ഇവിടെ രണ്ടു പേരുടെ അഭാവം പറയാതെ വയ്യ എന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും പേരുകൾ പരാമർശിച്ചത്.
ഭൗതിക സാന്നിദ്ധ്യമില്ലെങ്കിലും അവർ രണ്ടുപേരുമാണ് ഈ ഉത്സവം സാദ്ധ്യമാക്കുവാൻ എല്ലാ പ്രോത്സാഹനങ്ങളം നൽകി അക്കാദമിക്കൊപ്പം നിൽക്കുന്നതെന്ന് ആയിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. ഫെസ്റ്റിവലിനായി പ്രവർത്തിച്ച ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. പ്രസംഗം അവസാനിപ്പിച്ച് മടങ്ങുമ്പോഴും കൂവൽ ഉയർന്നു.
കഴിഞ്ഞ ദിവസം സംവിധായകൻ ഡോ. ബിജുവിനെതിരെ ഉൾപ്പെടെ രഞ്ജിത് നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ സിനിമാ രംഗത്ത് നിന്നുപോലും വലിയ വിമർശനമാണ് ഉയരുന്നത്.
Discussion about this post