തൃശൂർ: പൂരം എക്‌സിബിഷനായി വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ വാടക കുത്തനെ കൂട്ടിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി രംഗത്ത്. ഇരു ദേവസ്വം അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ദേവസ്വം ബോർഡിനെതിരെ അംഗങ്ങൾ രംഗത്ത് വന്നത്.
2022 ൽ ഏകദേശം 39 ലക്ഷം രൂപ വാടക ഈടാക്കിയ സ്ഥാനത്ത് ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് 2 കോടി 40 ലക്ഷം രൂപയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാടക ഉയർത്തിയിരിക്കുന്നതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലേല നടപടികൾക്കുളള സമയം അതിക്രമിച്ചു. ഇതുവരെ വിഷയത്തിൽ പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇരുകൂട്ടരും ചൂണ്ടിക്കാട്ടി.
ഈ സ്ഥിതി തുടർന്നാൽ പൂരം നടത്താൻ സാധിക്കില്ല. ചടങ്ങ് മാത്രമായി നടത്താൻ നിർബന്ധിതരാകുമെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. എക്‌സിബിഷനിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂരച്ചെലവിന്റെ പ്രധാന സ്രോതസാണ്. അതുകൊണ്ടു തന്നെ ഗ്രൗണ്ടിന്റെ വാടക മുൻപത്തെ നിരക്കിൽ തന്നെ വീണ്ടും അനുവദിക്കണമെന്നാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ആവശ്യം.
ഗ്രൗണ്ടിന്റെ വാടക വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിയിൽ പൂരപ്രേമികൾക്കിടയിലും പ്രതിഷേധം ശക്തമാണ്.
Discussion about this post