കൊച്ചി: നാല് മണിക്കൂര്‍ ചതുപ്പില്‍ കുടുങ്ങി കിടന്ന വൃദ്ധയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. മരടിലാണ് ദാരുണമായ സംഭവം. മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് (76) വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പില്‍ കുടുങ്ങിയത്.
മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 21-ല്‍ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്തേക്ക് കമലാക്ഷി അമ്മ അറിയാതെ വീഴുകയായിരുന്നു. കഴുത്തോളം ചെളിയില്‍ മുങ്ങിയ വയോധിക ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചാണ് അത്രയും നേരം ചതുപ്പില്‍ താഴ്ന്നുപോകാതെ നിന്നത്. പ്രദേശവാസിയായ സീനയാണ് ആദ്യം കമലാക്ഷി അമ്മയെ കാണുന്നത്. അത് വരെ ചതുപ്പില്‍ ഒരാള്‍ കുടുങ്ങികിടക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വീടിന് പുറത്ത് ഉണങ്ങാനിട്ട തുണികളെടുക്കാനായി എത്തിയ സീന ചെറിയ അനക്കം കേട്ട് നോക്കുമ്പാഴാണ് ചതുപ്പില്‍ കുടുങ്ങി എഴുന്നേല്‍ക്കാനാവാതെ അവശയായ കമലാക്ഷി അമ്മയെ കാണുന്നത്. ഉടനെ തന്നെ നാട്ടുകാരേയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘം ചതുപ്പില്‍ നിന്നും വയോധികയെ പുറത്തെത്തിച്ചു. ചേറില്‍ മുങ്ങി അവശനിലയിലായിരുന്ന കമലാക്ഷി അമ്മയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി നിരീക്ഷിച്ച ശേഷമാണ് കമലാക്ഷി അമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
Discussion about this post