തിരുവനന്തപുരം: ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിക്കുന്നതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പിണറായി സർക്കാർ. തോമസിന് ഓണറേറിയമായി 12.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.
ജൂലൈ മാസം മുതലുള്ള ഓണറേറിയം തുകയാണ് ക്രിസ്മസ് സമ്മാനമായി തോമസിനും സംഘത്തിനും അനുവദിച്ചിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് കെ വി തോമസിന് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്.
ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി തോമസിനെ നിയമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ വി തോമസ് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമനിച്ചത്.
Discussion about this post