ന്യൂഡൽഹി: കർണാടകയിലെ ജെഡിഎസ് ബന്ധം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായ സർവേ ഫലം. എൻഡിഎ സഖ്യം കർണാടകയിൽ 22 മുതൽ 24 വരെ സീറ്റുകൾ നേടും. കോൺഗ്രസ് സഖ്യം 4 മുതൽ 6 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എബിപി- സിവോട്ടർ സർവേ ഫലം വ്യക്തമാക്കുന്നു.
കർണാടകയിൽ ബിജെപി- ജെഡിഎസ് സഖ്യം 52 ശതമാനം വോട്ടുകൾ നേടുമ്പോൾ കോൺഗ്രസ് 43 ശതമാനം വോട്ടുകൾ നേടുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. അതേസമയം കർണാടകയിൽ സീറ്റ് വിഭജനം 2024 ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി അറിയിച്ചു. ഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും എബിപി- സിവോട്ടർ സർവേ ഫലം വ്യക്തമാക്കുന്നു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് സർവേയിൽ പങ്കെടുത്ത 46 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ, ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത് 44 ശതമാനം പേരാണ്.
നിലവിൽ കോൺഗ്രസ് സഖ്യമാണ് കർണാടകയിൽ അധികാരത്തിൽ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 26 സീറ്റുകൾ എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസ് സഖ്യം നേടിയ 2 സീറ്റുകളിൽ ഒന്ന് ജെഡിഎസിന്റേതായിരുന്നു.
Discussion about this post