മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ നേരിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇനി വരുന്ന കോർട്ട് റൂം ഡ്രാമ സിനിമകൾക്ക് ഒരു പാഠപുസ്‌തകമാണ് നേര് എന്ന് അഭിലാഷ് പിള്ള വ്യക്തമാക്കുന്നു. അതിമാനുഷികത ഇല്ലാതെ എങ്ങനെ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ പറ്റുമെന്ന് ജീത്തു ജോസഫ് വ്യക്തമായി കാണിച്ചുതന്നിരിക്കുന്നതായും അഭിലാഷ് പിള്ള അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം നേര് ടീമിന് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
നേര് ❤️
ഇനി വരുന്ന കോർട്ട് റൂം ഡ്രാമ സിനിമകൾക്ക് ഒരു പാഠപുസ്‌തകമാക്കാം ഈ സിനിമ അതിന് കാരണം അതിമാനുഷികത ഇല്ലാതെ എങ്ങനെ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ പറ്റും എന്ന് ജിത്തു സാർ കൃത്യമായി കാണിച്ചത് കൊണ്ടാണ്. പ്രേക്ഷകർ പോലും അറിയാതെ അവരെ കൊണ്ട് കയ്യടിപ്പിക്കുക, കരയിപ്പിക്കുക എന്നൊക്കെ പറയുന്നത് ഫിലിം മേക്കേഴ്സിനെയും അഭിനേതാക്കളെയും സംബന്ധിച്ചു ഒരു ചെറിയ കാര്യമല്ല, ഈ കോർട്ട് റൂം ഡ്രാമ ഇത്രയും പെർഫെക്റ്റ് ആകാനുള്ള കാരണം ഇതിന്റെ തിരക്കഥ തന്നെയാണ് ജിത്തു സാറിനൊപ്പം ശാന്തി കൂടി സഹഎഴുത്തുകാരി ആയപ്പോൾ സ്വന്തം ജീവിതത്തിൽ താൻ കണ്ടു ശീലിച്ച കോടതി മുറിയിലെ കാര്യങ്ങൾ പേപ്പറിൽ പകർത്തുന്നതിൽ അവർ വിജയിച്ചു. ലാലേട്ടൻ ശെരിക്കും വിജയമോഹൻ എന്ന കഥാപാത്രമായി ജീവിച്ചു കാണിച്ചപ്പോൾ നമ്മൾ കാണാൻ ആഗ്രഹിച്ച ലാലേട്ടൻ മാജിക് തീയേറ്ററിൽ നിറഞ്ഞു. എന്നെ അതിശയിപ്പിച്ച മറ്റൊരാൾ അനശ്വരയാണ് അത്രയും മനോഹരമായി ആ കുട്ടി അഭിനയിച്ചു. സിദ്ദിഖ് ഇക്ക, പ്രിയ മണി, അഥിതി,ജഗതിഷ് ചേട്ടൻ അടക്കം ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ വേഷം മികച്ചതാക്കി. ആന്റണി ചേട്ടാ പ്രൊഡ്യൂസർ എന്ന നിലയിൽ അഭിമാനിക്കാം മലയാളസിനിമയിൽ നിന്നും ഏറ്റവും മികച്ച കോർട്ട് റൂം ഡ്രാമയിൽ ഒന്ന് ലോക സിനിമയുടെ മുന്നിലേക്ക് എത്തിച്ചതിന്.
ടീം നേരിന് അഭിനന്ദനങ്ങൾ ❤️❤️
Discussion about this post